2021, ജൂലൈ 25, ഞായറാഴ്‌ച

ചാവുടൽപങ്കാളി

 “പെണ്ണ് കൊന്നു. എന്നിട്ടുച്ചത്തിൽ  പൊട്ടിച്ചിരിച്ചു”.  

ആ ചിരി കേട്ട് ചുവരുകൾ തിരിച്ചവളോടും ചിരിച്ചു, ശ്രദ്ധിച്ചതേയില്ല. തൻ്റെ കനത്ത മുടിക്കെട്ടു പിന്നി വെക്കുന്ന തിരക്കിലായിരുന്നു അപ്പോളവൾ. ഒടുക്കം ചുറ്റും ഒന്നു കണ്ണോടിച്ചു. ശിരസ്സ് തകർന്നു തറയിൽ കിടക്കുന്ന ചാവുടലിനെയും ഒന്ന് നോക്കി, അതിനടുത്തേക്ക്  നടന്നു. കയ്യിൽ നിന്ന് ഒലിച്ചിറങ്ങിയ, കണ്ണോക്ക് കലത്തിൽ ചുറ്റുന്ന പട്ടിനേക്കാൾ ചുവന്ന ചോര തൻ്റെ ചുരിദാർ കൈകളിൽ തുടച്ചു. കുറച്ചു നേരം ഡൈനിങ്ങ് ചെയറിൽ ഒരേ ഇരിപ്പിരുന്നു. മടുപ്പിക്കുന്ന നിശബ്ദതയുമായി അവൾ ചങ്ങാത്തം  കൂടിയിട്ട് കാലം കുറെ ആയി. മരിച്ചവൻ്റെ ഒടുക്കത്തെ ശ്വാസം കാറ്റിൽ കലർന്നവിടെ തന്നെ കറങ്ങി തിരിയുന്നുണ്ടോ, ഫാൻ റെഗുലേറ്ററിൽ സ്പീഡ് കൂട്ടി ഇട്ടു. അല്ലെങ്കിൽ പോയെന്നുറപ്പിച്ചത് തിരിച്ചു വന്നവനുള്ളിൽ കുടിയേറുമോ എന്ന് പേടിച്ചു, നിരന്തരാക്രമണങ്ങളിൽ തകർന്ന കോട്ട എന്ന പോൽ അവളുടെ ശരീരം ഉലഞ്ഞുലഞ്ഞു താഴേക്ക് വീണു. ഒന്നുരുണ്ട് അവൾ ഉയിരറ്റ ആ  ശരീരത്തിനടുത്തേക്ക്   ചേർന്നു കിടന്നു, അങ്ങനെ തന്നെ സീലിങ്ങിലേക്ക് കണ്ണയച്ചു, അവിടെ കറങ്ങി കൊണ്ടിരുന്ന ഫാനിൽ കുറെ നേരം നോക്കിയതും കണ്ണ് കഴച്ചിട്ടെന്നോണം നോട്ടം പിൻവലിച്ചു. തൻ്റെ പുറം മാത്രം ഉയർത്തി, കൈ കൊണ്ട് തറയിലേക്ക് ഒത കൊടുത്തു താങ്ങിക്കൊണ്ടവൾ ആ മുഖത്തേക്ക് നോക്കി. കണ്ടിട്ടേയില്ലാത്ത ശാന്തത ആ മുഖത്തവൾക്ക് കണ്ടെത്താൻ കഴിഞ്ഞു. അപരിചിതമായ നാട്ടിൽ കുടുങ്ങിയ യാത്രികനെന്ന കണക്ക് രണ്ടു കണ്ണുകൾ അവിടെ തുറന്നിരിക്കുന്നു, ഒരിക്കൽ ആ കണ്ണുകളോടും കൂടിയാണ് തനിക്ക് പ്രണയം ഉണ്ടായിരുന്നത്.  

ഇട്ടിരുന്ന ചുരിദാർ ചെറുകെ ഉയർത്തി, അതിനൊപ്പം ബ്രായും പൊന്തി. മുലക്കണ്ണുകളിൽ കൈവിരൽ കൊണ്ട് തടവി. “ആ, നീറുന്നു”. ചെറു സീൽക്കാരം മുറി ചുറ്റിക്കറങ്ങി അവൾക്കടുത്തേക്ക് തന്നെ തിരിച്ചെത്തി. വിരലുകൾ കൊണ്ട് അതിനു ചുറ്റും ഒരു വൃത്തം വരച്ചു, അവിടെ പല്ലാഴം വെട്ടി തിളങ്ങി. ചെറുകെ കൈ ഊർന്നിറങ്ങി നാഭി ചുഴിക്കടുത്ത പ്രദേശങ്ങളിൽ വിശ്രമിച്ചു. പുതു മുറിവുകളിൽ നിന്ന് നോവിൻ പുഴുക്കൾ ഇഴഞ്ഞിറങ്ങി പുളയുന്നതായി അവൾക്ക് അനുഭവപ്പെട്ടു. മരവിപ്പ് പെറ്റ മക്കളെന്ന കണക്ക് അവിടെ തന്നെ മുൻ മുറിവുകൾ ഉണങ്ങി പൊറ്റ പിടിച്ചുകിടപ്പുണ്ട്.  “അവൻ” അധീശത്വത്തിൻറെ കൊടി താഴ്ത്തിയിടത്ത്  കല്ലിപ്പ് ഇപ്പോളും മാറിയിട്ടില്ല. എത്ര കാലം ആയി എന്ന് ഓർമയറ്റ ഒരു വേദന, വാടകക്ക് കൂടിയ തുടയിടുക്കിൽ ആ കൈ അവസാനം എത്തിനിന്നു. അതൊന്നു പിടഞ്ഞു. 

ഓർമകൾ പെട്ടെന്ന് പൊട്ടി ഒലിച്ചെത്തുന്നത് എവിടെ നിന്നെന്ന് അവൾക്ക് എത്തുംപിടിയും കിട്ടിയില്ല. നോവുകളുടെ ശൃംഗങ്ങളാണ്  ഓർമകളുടെ പ്രഭവസ്ഥാനം എന്ന് എവിടെയോ വായിച്ചിട്ടുണ്ടോ? തൻ്റെ കാര്യത്തിൽ പലപ്പോളും അത്  സത്യമാണ്.  അവനോടൊപ്പം ഇറങ്ങുമ്പോൾ കന്നി തീണ്ടാരിയുടെ നാലാം വാർഷികമായിരുന്നു. മറ്റാരെയുംക്കാൾ തന്നെ സ്നേഹിക്കുന്നതവനാണ് എന്നുറപ്പിച്ചിട്ടാണന്നിറങ്ങിയത്. “പ്രണയത്തിൻ്റെ  രാജ്യത്തിൽ ഒരേ ഒരു നിയമമേ ഉള്ളൂ. തനിക്കെന്ന് തോന്നിയതിനെ സ്വന്തമാക്കുക, അത് മൂലം  മറ്റുള്ളവർക്കുണ്ടാകുന്ന  വേദനകളെ, ആകുലതകളെ തമസ്ക്കരിക്കുക. നോവുകൾ ഉണങ്ങാനുള്ളതാണ്. ഇന്നല്ലെങ്കിൽ പിന്നൊരിക്കൽ” ഇതവൻ പറയുമ്പോൾ കുറ്റബോധത്തിൻ്റെ പൊട്ടും പൊടിയും ബാക്കിയുണ്ടായിരുന്നത് പാറ്റിയെടുത്തവൾ  ദൂരേക്ക് കളഞ്ഞിരുന്നു. തിരിച്ചു ചെല്ലുമെന്നു അച്ചാച്ചക്ക് തോന്നിയിരുന്നോ, ആദ്യത്തെ മൂച്ചിന് പോയതാ അവളിങ്ങു വന്നോളും എന്ന് വിചാരിച്ചു കാണും.  ചെന്നില്ല…. കറ്റും,കുന്നായ്‌മേം വെച്ചോണ്ടവളവിടെ ഇരിക്കത്തെ ഉള്ളു എന്ന് അമ്മ പറഞ്ഞു കാണും പലവട്ടം. അച്ചാച്ച ഒന്ന് വിളിച്ചാരുന്നേൽ എന്ന് ആശിക്കാത്ത നാളുകളുണ്ടോ. നീര് വീണു വീർത്തു തടിച്ച ചുണ്ടുകൾ തന്നെ മാത്രം ഗൗനിക്കുന്നില്ലേ എന്നോർമ്മിപ്പിച്ചു, ചെറിയ ഒരു അരപ്പ് പോലെ തോന്നുന്നു അവിടെ . 

കള്ളങ്ങൾക്ക് മണം ഉണ്ടോ, ഉണ്ട് ഒരു തരം ഉളുമ്പ് മണം . അത് തിരിച്ചറിഞ്ഞത് തങ്ങൾ ഒന്നിച്ച ആദ്യ രാവിലാണ്. അന്ന് തമ്മിലുള്ള പ്രണയം എവിടെയോ ഒളിപ്പിച്ചു വെച്ച് , പിടിച്ചെടുക്കപ്പെട്ട വസ്തു എന്ന കണക്ക് തന്നെ ആസ്വദിക്കുന്നതിലേക്ക് അവൻ്റെ ശ്രദ്ധ പോയതായി അവൾ മനസിലാക്കി. വേദനയുടെ കണക്കുപ്പുസ്തകം തുറന്ന് അതിൻ്റെ ആദ്യപേജ് അന്ന് തന്നെ അവൻ എഴുതി നിറച്ചു. 

തിരഞ്ഞെടുത്ത ജീവിതത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിയാതെ കുടുക്കിൽപ്പെടുന്നതെന്താണ്. അറിയില്ല, നിരന്തരമായ വെറുപ്പിലും ഇപ്പോളുള്ളതിനെ വിട്ടുപോകാതെ അള്ളിപ്പിടിച്ചിരിക്കാൻ തോന്നുന്നത് എന്താവും. ഉത്തരം എല്ലാ ചോദ്യങ്ങളുടെയും കൂട്ടാളിയല്ല. 


ഒന്ന് കൂടി അവനോട് പറ്റിച്ചേർന്നു കിടന്നു, എന്നിട്ടു കെട്ടിപ്പിടിച്ചു. ഇത്ര അധികാരത്തോടെ ഇതിനു മുൻപങ്ങനെ ചെയ്തിട്ടില്ല. ആ ശരീരത്തിൽ എത്താവുന്നിടത്തൊക്കെ കൈ എത്തിച്ചവൾ  പരതി. മൂക്കിനടുത്ത് ഒന്ന് കൂടി കൈ കൊണ്ടുവന്നു. ഇല്ല ശ്വാസമില്ല. അവൻ്റെ അധികാരത്തിൻ്റെ ആയുധത്തിലേക്ക് കൈകൾ വേഗത്തിലെത്തി. അത്ര മേൽ ശക്തിയിൽ അത്  അവിടെ മുറുകി. ഒരിറ്റു കണ്ണീർ കണ്ണുകളിൽ നിന്നൂറി ഇടക്കെവിടെയോ വഴിയറിയാതെ എന്നോണം വന്നു നിന്നു. 


“നമ്മളൊന്നിച്ച ദിവസം തന്നെ നമുക്കിടയിൽ പ്രണയം ചത്തിരുന്നു, ഇപ്പൊ അതിലെ സഹകുറ്റവാളിയും” ചാവുടലിനെ  ഒന്ന് കൂടി മുറുക്കി അണച്ച് അവളുറക്കത്തിലേക്ക് വീണു.